Skip to main content

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

 
രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്....

കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം.
കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം.
ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് .

സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുടെ പണികളുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ സ്നേഹത്തോടെ പറഞ്ഞു തന്നത്.

നല്ല ഉറപ്പുള്ള കറുത്ത കരിങ്കല്ലിൽ
കൈ കൊണ്ട്  വരച്ചെടുത്ത് കൈ കൊണ്ടും ,മെഷീൻ ഉപയോഗിച്ചും രൂപപ്പെടുത്തിയെടുക്കുന്നു .
കല്ലുളിയിൽ കൊത്തിയെടുത്ത അതി
മനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ കരവിരുതുകൾ.

ഒറ്റക്കൽ ശിൽപങ്ങളും വിളക്കുകളും
ക്ഷേത്രങ്ങളിലും മറ്റും പ്രതിഷ്ഠിക്കാവുന്ന രൂപങ്ങളും കൊത്തുപണികൾ കൊണ്ടും അതി മനോഹരമായ കലാസൃഷ്ടികൾ രൂപീകരിച്ചെടുക്കുന്ന കലാകാരൻമാരെ അഭിനന്ദിക്കേണ്ടതു തന്നെയാണ്.

അമ്പലങ്ങളിലേക്കുള്ള രൂപങ്ങൾ, കട്ല, സോപാനം ,വിവിധ തരം വിളക്കുകൾ, മുസ്ലീം പള്ളികളിലേക്ക് മീസാൻ കല്ലുകൾ, മാമോദീസാ തൊട്ടി,വീടുകളിലേക്ക് ആവശ്യമായ ആട്ടുകല്ല് , അമ്മി, തുടങ്ങീ ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള നിരവധി ഉൽപന്നങ്ങൾ ഇവരുടെ കരവിരുതിലൂടെ പിറവിയെടുക്കുന്നു.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പലരും അന്വേഷിച്ച് വന്ന് ഉൽപന്നങ്ങൾ വാങ്ങി കൊണ്ടു പോകുന്നുണ്ട് . ഓഡറുകൾക്കനുസരിച്ചും നിർമ്മിച്ചു കൊടുക്കുന്നുണ്ട്.

ജാതി-മത ഭേതമില്ലാതെ കുറുക്കൻപാറ ഗ്രാമത്തിലെ ആളുകൾ ഇവിടെ ജീവിക്കുന്നു. കരിങ്കൽ ഉൽപന്നങ്ങളുടെ വിൽപനക്കായി സ്ത്രീകളും മുൻപന്തിയിലുണ്ട്. 
ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ഉൽപന്നങ്ങൾ പലതും വാങ്ങാൻ വരുന്നവർ വിലപേശി വാങ്ങി കൊണ്ടു പോകുമ്പോൾ പലപ്പോഴും ന്യായമായ വില പോലും കിട്ടാത്ത അവസ്ഥയും ഉണ്ട്. ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാൽ പലതും കിട്ടിയ വിലക്ക് കൊടുക്കേണ്ടി വരുന്നു.



കരിങ്കല്ലിന് ക്ഷാമം നേരിടുന്നത് ഇവരുടെ നിർമ്മാണത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് . അക്കികാവ്, പെരുമ്പിലാവ് എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇന്ന് കരിങ്കൽ ലഭിക്കുന്നത്.
കോവിഡ് ഉണ്ടാക്കിയ വിഷമ അവസ്ഥകളും ചെറുതല്ല.
കരിങ്കൽ പണിക്കാർ എന്ന പേര് പുതുതലമുറക്ക് മേഖലയിലേക്ക് വരാൻ താൽപര്യ കുറവും ഉണ്ടാക്കുന്നുണ്ട്. യന്ത്രങ്ങൾ പണികൾ കുറച്ച് എളുപ്പമാക്കിയെങ്കിലും, അപ്രതീക്ഷിതമായി അവക്കുണ്ടാകുന്ന തകരാറുകൾ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

നിറയെ പൊടിയും ശബ്ദവും നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് കലയും കരവിരുതും ഒന്നിപ്പിച്ച് പണിയെടുക്കുന്ന ഇവർക്ക് കൂടുതൽ സഹകരണങ്ങളും സംരക്ഷണവും ലഭിക്കേണ്ടതായിട്ടുണ്ട്.

കുറച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തി ചേട്ടനോട് യാത്ര പറഞ്ഞു - നേരെ ഗുരുവായൂർക്ക് ,പിന്നെ പാവറട്ടി - പാലുവായ് - ഇരിങ്ങപ്പുറം- അനായ്ക്കൽ വഴി വീട്ടിലേക്ക് ... കോ വിഡ് _ കണ്ടെയ്ൻമെൻറ് സോണുകൾ ഉള്ളതിനാൽ ഇന്ന് 22 കിലോമീറ്ററേ സൈക്കിൾ ചവിട്ടിയിട്ടുള്ളൂ.പാവറട്ടി ഭാഗങ്ങളെല്ലാം ലോക്ക് ആണ് .... എങ്കിലും
നാട്ടിലെ ചില കാഴ്ചകൾ നിങ്ങളിലേക്കെത്തിക്കാൻ സാധിച്ചുവെന്ന വിശ്വാസത്തോടെ.......സിംരാജ്.......

Comments

Popular posts from this blog

അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

നാം എല്ലാവരും ആദ്യമായി ജീവിതത്തിൽ ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. കുട്ടിക്കാലത്ത് സൈക്കളിൽ  നിന്നും ഇരുന്നും സർക്കസ് കാണിച്ച് നാട്ടിൻ പുറത്തെ ഇടവഴികളിൽ കറങ്ങി നടന്നിരുന്ന കാലം. മഴയത്തും വെയിലത്തും സൈക്കിളിൽ കൂട്ടുകാരുമായി മൽസരിച്ച് ആഘോഷിച്ച ബാല്യകാലം. ഇടക്കുണ്ടാകുന്ന വീഴ്ചകളെല്ലാം വീണ്ടും ചവിട്ടി കേറാനുള്ള ആവേശത്തിൽ മറന്നു പോയ നാളുകൾ. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് . സൈക്കിൾ ഇന്ന് ലോകത്ത് ഏകദേശം ഒരു ബില്ല്യൺ സൈക്കിൾ ഉണ്ടെന്നാണ് കണക്ക്.  പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലുംസാധാരണയായി സൈക്കിൾ ഉപയോഗിക്കുന്നു. വിനോദം,വ്യായാമം,എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിന് സൈക്കിളിംഗ് എന്ന് പറയുന്നു. ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി സാധാരണയായി "ബൈസൈക്കിളിസ്റ്റ് " എന്നും വിളിക്കാറുണ്ട്. ചവിട്ടാൽ തുടങ്ങിയ കാലത്ത് ഇതിന് ഇത്ര വലിയ പേരുള്ള കാര്യം അറിയില്ലായിരുന്നു.  അപ്പോ ഞാനും ഒരു ബൈസൈക്കിളിസ്റ്റ് !

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

എനിക്കും സൈക്കിൾ ബാലൻസ്....

കുട്ടിക്കാലത്ത് എല്ലാവരെയും പോലെ വീടിനകത്തും മുറ്റത്തും മൂന്നു ചക്ര സൈക്കിൾ ചവിട്ടി കറങ്ങി - ഇടക്ക് കിടത്തിയും മലത്തിയും അതിന് മുകളിൽ കയറി കസർട്ട് കാണിച്ചു. കുറെ തലകുത്തി മറിച്ചലുകൾ എല്ലാം ഒരു ഓർമ്മ. ഇടക്ക് സൈക്കിൾ കാറായും മാറും- പഴയsയർ സൈക്കിളിൻ്റെ ഹാൻഡലിൽ വെച്ചാൽ സംഭവം നല്ല സ്റ്റീയറിങ്ങ് ആയി ,പിന്നെയങ്ങട്ട് കറക്കി വിടലാ!  പിന്നെ രണ്ട് സീറ്റുള്ള സൈക്കിൾ വാങ്ങി തന്നു. അനിയത്തിയെ പുറകിലിരുത്തി മുറ്റത്തും റോഡരികിലും കളിച്ചു .മണ്ണു വണ്ടിയായും, പുറകിൽ ചവറ് കൊട്ട വെച്ച് ചവറ് വണ്ടിയായും കളിച്ച നാളുകൾ. അന്നും പറമ്പിൽ സൈക്കിൾ റൂട്ട് ഒക്കെ ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ കുറച്ചു കൂടെ വലിയ സൈക്കിൾ പപ്പ  വാങ്ങി തന്നു . ഒരാൾക്ക് മാത്രം ഇരിക്കാവുന്ന പുറകിലേക്ക് ചാരി ഇരിക്കാവുന്ന സൈക്കിൾ, വീഴാതിരിക്കാൻ ഇരുവശങ്ങളിൽ ചെറിയ ചക്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ശരിക്കും സൈക്കിൾ ബാലൻസ് ചെയ്ത് ചവിട്ടാൻ തുടങ്ങിയത് ഈ സൈക്കളിലായിരുന്നു. കുറച്ച് വീഴ്ചകൾക്കുശേഷം എനിക്കും കിട്ടി സൈക്കിൾ ബാലൻസ്!

Total Pageviews